എല്ലായിടത്തും വെള്ളത്തിന് കടുത്ത ക്ഷാമം. കിണറുകളെല്ലാം വറ്റിവരണ്ടിരിക്കുന്നു. ആകെ കുറച്ചു വെള്ളമുണ്ടായിരുന്നത്. കോജാവിന്റെ വീട്ടില്‍ മാത്രം. പക്ഷെ അവിടേക്ക് ആരും പോകാന്‍ ധൈര്യം പെട്ടില്ല. കാരണം എല്ലാവര്ക്കും അയാളെ അറിയാം. അയാളുടെ പിശുക്കിന്റെ കാഠിന്യം അനുഭവപ്പെടാത്തവര്‍ നാട്ടില്‍ വളരെ ചുരുക്കം. ആർക്കാണ് നാട്ടില്‍ റേഷന്‍ കാര്ഡ് ഇല്ലാത്തത്? റേഷനരി വാങ്ങുന്ന അല്ലെങ്കിൽ റേഷൻ കടയിൽ എന്തെങ്കിലും വാങ്ങാൻ പോകുന്ന എല്ലാവര്ക്കും അതനുഭവപ്പെടും. അഞ്ചു പൈസ അങ്ങോട്ട് കൊടുക്കുവാന്‍ ഉണ്ടെങ്കില്‍ അദ്ദേഹം വെണ്ടയ്ക്ക അക്ഷരത്തില്‍ റേഷന്‍ കാര്‍ഡില്‍ കുറിച്ചിടും. പിന്നെയല്ലേ ഒരു ബക്കറ്റ് വെള്ളം. വരള്‍ച്ച കൂടുതലാകുമ്പോള്‍ മണ്ണെണ്ണ അളക്കുന്നത് പോലെ അളന്നു വില്കാനുള്ള പരിപാടിയാണ് പുള്ളികാരന്റെത്. എന്തായാലും ആരും അങ്ങോട്ട് പോയില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കാറായത് കാരണം മെമ്പര്‍മാര്‍ ക്ഷേമ പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുത്തു തുടങ്ങി. ഞങ്ങള്‍ (അതായത് ഞാന്‍ ഷാജി, അഷറഫ്, കമറു ) മൂന്നാം കുഴി കളിച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരു ടാക്സി കാറില്‍ ജോയി മാഷ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് കേട്ടത്. നാളെ മുതല്‍ കുടി വെള്ളം ടാങ്കര്‍ ലോറിയില്‍ വരുന്നുണ്ടെന്നു. വെള്ളം വേന്ടവരൊക്കെ പാത്രങ്ങളുമായി സലീന ടീച്ചറുടെ വീടിന്റെ മുന്‍വശത്ത് വരിയായി നില്കണം എന്ന്. ജോയി മാഷിന്റെ കാര്യം പറഞ്ഞപ്പോളാണോർത്തത് , അദ്ദേഹമാണ് എന്നെ കണക്കു ട്യൂഷൻ പഠിപ്പിച്ചത്. കുടങ്ങളും, ചെമ്പും പാത്രങ്ങളുമായി സ്ത്രീകളും പുരുഷന്മാരും അവരുടെ കുട്ടികളും വന്നു തുടങ്ങി . പഞ്ചായത്ത് മെമ്പര്‍ തന്റെ സാന്നിധ്യം അറിയിക്കാനായി അവിടെ പറന്നെത്തി. എല്ലാവരും വരി വരിയായി നില്‍കാന്‍ പഞ്ചായത്ത് മെമ്പറിന്റെ വക നിര്‍ദേശം . ഏഷണി കൂട്ടികൊണ്ടിരുന്ന പെണ്ണുങ്ങള്‍ തിടുക്കത്തില്‍ നിരയായി നിന്ന്. അപ്പോളതാ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഒരു ടാങ്കർ ലോറി വരുന്നു. കോട്ടമുറി വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് ടാങ്കർ ലോറിയില്‍ വെള്ളം കൊണ്ടുവരുന്നത് . ടാങ്കർ ലോറി അടുത്തെത്താറായപ്പോൾ ആളുകളെല്ലാം തിക്കുപിടിച്ചു തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ ലോറി വരുന്ന ഭാഗത്തേക്ക്
അപ്പോളാണ് ഖാദറിന്റെ ബാപ്പ തെങ്ങിന്റെ ചുവട്ടില്‍ തോര്‍ത്ത് ചുരുട്ടി വെച്ചിരിക്കുന്നത് ഷാജിയുടെ ശ്രദ്ധയില്‍ പെട്ടത് . അതിനടുത്തിരിക്കുന്ന ഖാജാബീഡി ബണ്ടില്‍ ഷാജിയെ മാടി വിളിച്ചു. എല്ലാവരും വെള്ളം എടുക്കാന്‍ റെഡിയായി നില്‍കുകയാണ് . ഷാജി ചുളുവില്‍ ഖാജാബീഡി ബണ്ടില്‍ അടിച്ചുമാറ്റി. എനിക്ക് സിഗ്നല്‍ തന്നു. ഞാന്‍ അവന്റെ പുറകെ പരുങ്ങി പരുങ്ങി പിന്തുടർന്നു. ഞങ്ങള്‍ വടക്കേ പറമ്പിന്റെ അറ്റത് പാടത്തിനരികിലേക്ക് പോയി.
ഞാന്‍ നോക്കുമ്പോള്‍ കണ്ടത് ഷാജിയുടെ വായില്‍ നിന്നും പുക വരുന്നതാണ് . എനിക്ക് അത് കണ്ടപ്പോള്‍ കൗതുകം തോന്നി. കവുതുകമായി. ഞാന്‍ അവനോടു ഇരന്നു ഒരു പഫു വാങ്ങി വലിച്ചു നോക്കുമ്പോളേക്കും, ഹോ! ദാ വരുന്നു അഷ്‌റഫ് .. എനിക്കാകെ പേടിയായി. അവനെങ്ങാന്‍ വീട്ടില്‍ ചെന്ന് ഈ വിവരങ്ങള്‍ കത്തിച്ചാലുള്ള പുകില്‍ പിന്നെ പറയാനുണ്ടോ. ഞാനവനോട് കെഞ്ചി ...എടാ പ്ലീസ് ഇക്കാര്യം നീ ആരോടും പറയരുതേ . പറയരുദ്. അവനുണ്ടോ കേള്‍ക്കുന്നു. കൂട്ടത്തില്‍ കുറച്ചു അനുസരണയും ശാന്തനും അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ടെ കൂടെ നടന്നു അവനും ചീത്തയാകുന്നു എന്നാണ് വീട്ടുകാരുടെ പരാതി ...അതുപോലെതന്നെയാണ് എന്റെ വീട്ടുകാരുടെയും. ചിലപ്പോ ഷാജിയുടെയും കമരുവിന്റെയും വീട്ടുകാരും അങ്ങിനെ തന്നെ പറയുന്നുണ്ടാകും. തന്കുഞ്ഞു പൊൻകുഞ്ഞാണല്ലോ.
അവന്‍, അഷറഫ് എന്ത് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല . എനിക്കാകെ പരിഭ്രമമായി . ഞാന്‍ അവനെ പിടിച്ചു ചെറുതായി ഒന്ന് തള്ളി ലേക്ക് ഒരു . ദേ മലർന്നടിച്ചു വീണുകിടക്കുന്നു പാവം . അവന്‍ കരച്ചിലായി..എനിക്കാകെ പേടിയായി..അവസാനം, നാളെ കൂട്ടിലച്ചന്റെ പൊള്ളാച്ചി വട്ടു വാങ്ങി തരാം എന്നുള്ള കരാറില്‍ പ്രശ്നം പരിഹരിച്ചു. കൂട്ടിലച്ചന്റെ പൊള്ളാച്ചി വട്ടുമിഠായി രുചിക്കാത്തവർ ആന്റണീസ് സ്‌കൂളിൽ പഠിച്ചവർ അപൂർവ്വമായിരിക്കും
ഇന്നും അഷറഫിന്റെ മലര്ന്നടിച്ചുള്ള ആ വീഴ്ച്ച പേടിയോടെ ഞാന്‍ ഓര്‍ക്കുന്നു. എന്തായാലും ആ വീഴ്ച്ചയിലൂടെ ഒരു കാര്യത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. അതിനു ശേഷം ഞാന്‍ ബീഡിയോ സിഗരറ്റോ തൊട്ടിട്ടില്ല. പുകവലിക്കുന്നവരുടെ അരികിലിരിക്കുന്നതും എനിക്കിഷ്ടമല്ല.
No comments:
Post a Comment