കഫറ്റേരിയ എന്ന് റസാഖിക്ക പറഞ്ഞതല്ലാതെ എന്താണിതെന്നു അറിയില്ലായിരുന്നു. ഇവിടെ വന്നുകഴിഞ്ഞാണറിയുന്നതു എന്താണ് കഫറ്റേരിയ എന്നത് . വന്ന അന്ന് കുടിച്ച ചായയുടെയും കഴിച്ച സാൻഡ്‌വിച്ചിന്റെയും രുചി പിന്നെയൊരിക്കലും കിട്ടിയിട്ടില്ല. സ്ഥിരമായി അതുമാത്രം കഴിക്കുന്നത് കൊണ്ടായിരിക്കാം. കഫറ്റേരിയക്ക് മുന്നിൽ യാത്രക്കാർ കാറുകൾ നിർത്തി ഹോൺ അടിക്കും. അപ്പോൾ ഓടി അരികിൽ ചെന്ന് എന്താണ് വേണ്ടതെന്നു ചോദിച്ചു അവർക്കു എത്തിച്ചു കൊടുക്കലാണ് എന്റെ പണി. എത്രയോ വാഹനങ്ങൾ, എത്രയോ ഹോണടി ശബ്ദങ്ങൾ. ചിലപ്പോളൊക്കെ ഉറക്കത്തിലും ഹോണടി ശബ്ദം കേട്ട് അറിയാതെ ഉണരും.
സമയം പോയതറിഞ്ഞില്ല. വരിയിൽ അടുത്തതായി ഞാനാണ്. കൗണ്ടറിൽ ഇരിക്കുന്നയാളുടെ കയ്യിൽ പാസ്പോര്ട്ട് കൊടുത്തു. ആ ഓഫീസർ പറഞ്ഞതനുസരിച്ചു കണ്ണുകൾ ഇമവെട്ടാതെ മുൻപിൽ വച്ചിരിക്കുന്ന ക്യാമറയിലേക്ക് നോക്കി നിന്നു. പെട്ടെന്നാണ് പോലീസ് യൂണിഫോമിലുള്ള രണ്ടാൾ വിലങ്ങുമായി വന്നു തന്റെ കൈകൾ ബന്ധിക്കുകയും കൂടെ കൊണ്ട് പോകുകയും ചെയ്തത്. എന്തിനാണ് എന്നെ കൊണ്ടുപോകുന്നതെന്നോ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ മനസ്സിലായില്ല.ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണാവോ. മൂന്നു കൊല്ലം ഷാർജയിൽ നിന്നിട്ടും അറബിയിൽ മൂന്നോ നാലോ വാക്കുകളല്ലാതെ വേറൊന്നും പഠിക്കാനായിട്ടില്ല. അതും "ശായ്, സുക്കർ, സിയാദാ, നാകസ്" എന്നിങ്ങനെ കഫറ്റേരിയയുമായി ബന്ധപ്പെട്ടത് മാത്രം. മലയാളത്തിലേക്ക് തർജ്ജമ ചെയ്തയാൾ പറഞ്ഞത് കേട്ട് ഞാൻ തളർന്നു പോയി. ഏതോ ഒരാളുടെ വാഹനത്തിൽ നിന്നും പണവും ലാപ്ടോപ്പും ഞാൻ മോഷ്ടിച്ചെന്നതാണ് എന്റെ പേരിലുള്ള കുറ്റം. കയ്യടയാളം എന്റേതാണെന്നു അവർ തിരിച്ചറിഞ്ഞു. കുറേക്കാലമായി അവർ മോഷണം നടത്തിയ ആളെ തിരഞ്ഞുകൊണ്ടിരിക്കുന്നു. ഇന്നോളം റോഡിൽ കിടക്കുന്ന എന്തെങ്കിലും സാധനങ്ങൾ പോലും എടുക്കാത്ത ഞാനെങ്ങനെ കള്ളനായി? മോഷണം നടത്തിയ ആളെ പിടികൂടുന്ന അന്നുമുതൽ ആറുമാസത്തെ ജയിൽ ശിക്ഷയും ഇരുപതിനായിരം ദിർഹം പിഴയുമാണ് അന്ന് കോടതി വിധിച്ചിരിക്കുന്നത്
വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി എന്നെ കൊണ്ടുപോയത് ഒറ്റപ്പെട്ട സ്ഥലത്തെ ഒരു വലിയ ജയിലിലേക്ക് . അവസാനമായി മോഷണം പോയ കാറിൽ നിന്നും ലഭിച്ച വിരലടയാളം തന്റേതാണ്. വണ്ടി നിർത്തി ഓർഡർ ചെയ്ത സാധനം കൊണ്ട് പോയി അവർക്കു കൊടുക്കുമ്പോൾ ചിലപ്പോൾ കാറിന്റെ ഡോറിലും മറ്റും കൈ സ്പർശിക്കാറുണ്ട്. അങ്ങിനെ ആ വാഹനത്തിൽ നിന്നും അവർക്കു ലഭിച്ച തെളിവാണ് എന്റെ കയ്യടയാളം എന്നാണു പിന്നീട് മനസ്സിലായത്. മോഷണം നടത്തിയത് താനല്ല എന്ന് വിശ്വസിക്കാൻ ഇവിടെ ആരാണുള്ളത് . നിരപരാധിത്വം തെളിയിക്കാൻ എനിക്കെങ്ങനെ കഴിയും. വാഹനത്തിന്റെ ഉടമ ഒരു ലബനാനിയാണ്. അദ്ദേഹം വിസ കാൻസൽ ചെയ്തു നാട്ടിൽ പോയിരിക്കുന്നു. അദ്ദേഹം തന്നെ കണ്ടാൽ തീർച്ചയായും പറയും. മോഷ്ടാവ് ഈ നില്കുന്നയാളല്ല എന്ന്.
നാട്ടിലേക്കുള്ള വരവ് കാണാതെയും ഫോൺ വിളിയും ഇല്ലാതെ ആയപ്പോൾ ഉമ്മയും ഭാര്യയും പരിഭ്രാന്തരായി റസാഖിക്കയെ വിളി തുടങ്ങി. എന്ത് പറയുമെന്നറിയാതെ അദ്ദേഹം വിഷമിച്ചു. തന്റെ ഫോൺ പോലീസുകാർ വാങ്ങിവെച്ചിട്ടു തന്നിട്ടില്ല. അതൊന്നും മോഷണ കുറ്റത്തിന് ജയിലിൽ ആയ ഒരാൾക്ക് അനുവദിക്കുന്നില്ല.
ഒരിക്കലും ഞാൻ ഇങ്ങിനെയൊരു കുറ്റം ചെയ്യില്ല എന്ന് റസാഖിക്കക്ക് ഉറപ്പുണ്ടായതിനാൽ വകീലിനോട് എല്ലാം വിശദീകരിച്ചു പറഞ്ഞു. അദ്ദേഹം ഫീസൊന്നും വാങ്ങാതെ എനിക്കുവേണ്ടി കേസ് വാദിച്ചു. എല്ലാവരും സഹായിച്ചത് കൊണ്ട് ഇരുപതിനായിരം ദിർഹം പിഴയും അടച്ചു തന്നെ വിട്ടയച്ചു. അപ്പോഴേക്കും അഞ്ചു മാസം കഴിഞ്ഞിരുന്നു.